ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള സ്വർണം,വെള്ളി ഇറക്കുമതിയിൽ മേയ് മാസത്തിൽ വൻ ഇടിവ്. സ്വർണ ഇറക്കുമതി ഏകദേശം 70 ശതമാനം കുറഞ്ഞ് മേയിൽ 25-30 ടണ്ണായതായി ഒരു സർക്കാർ വക്താവ് പറഞ്ഞു. രാജ്യത്തെ പ്രതിമാസ സ്വർണ ഇറക്കുമതി മുൻപുണ്ടായിരുന്നത് 70 മുതൽ 100 ടണ്ണിലായിരുന്നു.
2026 ഏപ്രിലിലെ 5.63 ബില്യണ്‍ ഡോളറിൽനിന്നും മേയിൽ ഇന്ത്യയുടെ സ്വർണ ഇറക്കുമതി 3.42 ബില്യണ്‍ ഡോളറായി താഴ്ന്നു. എന്നാലിത് മുൻ വർഷം ഇതേ കാലയളവിനേക്കാൾ കൂടുതലാണ്.
മേയിൽ രാജ്യത്തെ വെള്ളി ഇറക്കുമതിയും 75.57 മില്യണ്‍ ഡോളറായി കുത്തനെ കുറഞ്ഞു. ഏപ്രിലിൽ 411.06 മില്യണ്‍ ഡോളറിൽ നിന്നാണ് ഈ ഇടിവുണ്ടായത്.
മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് വെള്ളി ഇറക്കുമതിയിൽ ഏകദേശം 87 ശതമാനത്തിന്റെ കുറവുണ്ടായി. ഗവണ്മെന്റ് വെള്ളിയുടെ ഇറക്കുമതി തീരുവ ഉയർത്തി. വെള്ളിയെ നിയന്ത്രിത വിഭാഗത്തിലേക്ക് മാറ്റിയതിനാൽ ഇറക്കുമതി ലൈസൻസുകൾ ആവശ്യമായി വന്നതിന് ആഴ്ചകൾക്കുശേഷമാണ് ഈ വലിയ ഇടിവ് ഉണ്ടായത്.
വിലയേറിയ ലോഹങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കുക, വിദേശനാണ്യശേഖരത്തിന്മേലുള്ള സമ്മർദം കുറയ്ക്കുക, ഉയർന്ന ഇറക്കുമതി ചെലവുകളുടെ ആഘാതം കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ടുള്ള നടപടികളുടെ ഭാഗമായി സർക്കാർ സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ മേയ് 13ന് പ്രാബല്യത്തിൽ വരും വിധം ആറു ശതമാനത്തിൽനിന്ന് 15 ശതമാനമാക്കി ഉയർത്തി.